മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക്കു എടുത്തു ചാടിയ പെൺകുട്ടിക്ക് സംഭവിച്ചത്
കൊക്കർണിയിൽ (ആഴമുള്ള കുളം) വീണ അനിയത്തിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥിനിയായ ചേച്ചി മു ങ്ങിമരിച്ചു. കരിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് മ രിച്ചത്. പതിനാറു വയസ്സായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കൊക്കർണിയിലാണ് സംഭവം. മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പുരണ്ടു.
ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ വഴു തിവീണു. മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ ശിഖ കൊക്കർണിയിലേക്ക് ചാടി. ഇതിനിടെ കൊക്കർണിയിലെ പുല്ലിൽ പിടിച്ചുതൂങ്ങി അനിയത്തി കരയ്ക്ക് കയറി. കൊക്കർണിയിലേക്ക് താഴ്ന്നുപോയ ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശിഖ അടിത്തട്ടിലേക്ക് താഴ്ന്നുപോയിരുന്നു. ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വടവന്നൂർ വി.എം.എച്ച്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊക്കർണിക്ക് 20 അടിയോളം ആഴമുണ്ടായിരുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ കെ. സത്യപ്രകാശൻ, അസി. സ്റ്റേഷൻ ഓഫീസർ പുഷ്പരാജൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജുമോൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.