
മിന്നൽ സഹൽ വീണ്ടും, ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്
ഐ എസ് ൽ 2022 ഷീൽഡ് ചാമ്പ്യൻമാരായ ജംഷഡ്പൂർ എഫ്സിയെ സഹൽ അബ്ദുൾ സമദിന്റെ അതി മനോഹരമായ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കീഴടക്കി.
ഐഎസ്എൽ ആദ്യപാദ സെമിയിൽ 1–0നാണ് കൊമ്പന്മാരുടെ വിജയം. ഇതോടെ ബ്ലാസ്റ്റേഴ്സ് സ്വപ്ന ഫെെനലിന് അരികെയെത്തി.
ഈ മാസം 15നാണ് രണ്ടാം പാദ സെമി. സീസണിൽ മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.
A 🔝 finish from @sahal_samad, who scored with a brilliant chip shot to give @KeralaBlasters a vital 1️⃣st leg lead! 👏⚽#JFCKBFC #HeroISL #LetsFootball #KeralaBlasters #SahalSamad pic.twitter.com/rjrQI2N6Xv
— Indian Super League (@IndSuperLeague) March 11, 2022
ഒരു മത്സരം തോറ്റപ്പോൾ മറ്റൊന്നിൽ സമനിലയായി. എന്നാൽ നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഷീൽഡ് ചാമ്പ്യൻമാരെ മലർത്തിയടിച്ചു. ആക്രമണത്തിനൊപ്പം കിടയറ്റ പ്രതിരോധക്കളിയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ഹോർമിപാം പ്രതിരോധത്തിന്റെ കുന്തമുനയായി.
സെമി കളിക്കാനെത്തിയ ടീമിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മാറ്റങ്ങൾ വരുത്തി. പ്രതിരോധത്തിൽ ഹർമൻജോത് ഖബ്ര തിരിച്ചെത്തി. റുയ്വാ ഹോർമിപാമും ഇടംകണ്ടെത്തി. സഞ്ജീവ് സ്റ്റാലിനും മാർകോ ലെസ്കോവിച്ചുമായിരുന്നു മറ്റു പ്രതിരോധ താരങ്ങൾ. ഗോവയ്ക്കെതിരെ കളിച്ച എണെസ് സിപോവിച്ച്, സന്ദീപ് സിങ് എന്നിവർ പുറത്തിരുന്നു. മധ്യനിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും തിരിച്ചെത്തി.
പുയ്ട്ടിയയും ഇടംപിടിച്ചു. കെ പി രാഹുലും ഗിവ്സൺ സിങ്ങും പുറത്തിരുന്നപ്പോൾ സഹൽ അബ്ദുൾ സമദ്, ആയുഷ് അധികാരി എന്നിവർ തുടർന്നു. മുന്നേറ്റത്തിൽ ചെഞ്ചോയ്ക്ക് പകരം അൽവാരോ വാസ്കസ് തിരിച്ചെത്തി. കൂട്ടിന് ജോർജ് ഡയസും. ഗോൾ മുഖത്ത് പ്രഭ്സുഖൻ ഗിൽ. ജംഷഡ്പൂർ മുന്നേറ്റത്തെ ഡാനിയേൽ ചുക്വു ഗ്രെഗ് സ്റ്റുവർട്ടുമാണ് നയിച്ചത്.
റിത്വിക് ദാസ്, ജിതേന്ദ്ര സിങ്, പ്രൊണോയ് ഹാൾദെർ, സീമെൻലെൻ ദുംഗൽ എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിൽ റിക്കി ലല്ലാവ്മാവ, എലി സാബിയ, പീറ്റർ ഹാർട്ലി, ലാൽഡിൻപുയ എന്നിവർ. വലയ്ക്ക് മുന്നിൽ ടി പി രെഹ്നേഷ്.
കളിയുടെ തുടക്കത്തിൽ ജംഷഡ്പുരാണ് ആക്രമിച്ച് കളിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ശ്രദ്ധിച്ചു. ചുക്വുവിന്റെ വലതുപാർശ്വത്തിലൂടെയുള്ള അപകടരമായ നീക്കത്തെ ലെസ്കോവിച്ച് തടഞ്ഞു. പത്താം മിനിറ്റിലും ചിമയുടെ നീക്കം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ തട്ടിത്തകർന്നു. പന്ത് നിയന്ത്രണത്തിൽ ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. 17–ാം മിനിറ്റിൽ ഹാർട്ലിയുടെ ഹെഡർ ഗിൽ പിടിച്ചെടുത്തു. ഇരുപതാം മിനിറ്റിൽ പ്രതിരോധപ്പിഴവ് ബ്ലാസ്റ്റേഴ്സിന് വിനയാകേണ്ടതായിരുന്നു. ബോക്സിൽവച്ചുള്ള ചുക്വുവിന്റെ ഷോട്ട് പുറത്തേക്ക് പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു.
ഇരുപത്തഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മനോഹര നീക്കം കണ്ടു. ലൂണയുടെ ഒന്നാന്തരം കോർണർ ഹാർട്-ലിയുടെ തലയിൽ തട്ടിത്തെറിച്ചു. വീണ്ടും കോർണർ. പുയ്ട്ടിയ എടുത്തു. പ്രതിരോധത്തിൽ തട്ടിത്തെറിച്ച പന്ത് ഡയസിന് കിട്ടിയെങ്കിലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല. തുടർച്ചയായ ആക്രമണങ്ങൾ കൊണ്ട് കളംപിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പിന്നീട്.
സഹലിന്റെ വലതു പാർശ്വത്തിൽനിന്നുള്ള ക്രോസ് വാസ്-കസിന് എത്തിപ്പിടിക്കാനായില്ല. ലൂണയുടെ ഇടതുവശത്തിലൂടെയുള്ള മുന്നേറ്റവും ജംഷഡ്പുർ പ്രതിരോധത്തെ ചിതറിച്ചു. 35–ാം മിനിറ്റിൽ ജംഷഡ്പുർ ബ്ലാസ്റ്റേഴ്സിനെ പരിഭ്രമിപ്പിച്ചു. സ്റ്റുവർട്ടിന്റെ കൗശലപരമായ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിലേക്ക് നിലംപറ്റി നീങ്ങി. ദുംഗലിന് പകരക്കാരനായെത്തിയ മുബഷീർ റഹ്മാന് പന്ത് കിട്ടി. അടി പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.
38–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷംവന്നെത്തി. അത്ഭുത ഗോളിലൂടെ സഹൽ ബ്ലാസ്റ്റേഴ്സിന്റെ വീര്യമുണർത്തി. മധ്യവരയ്ക്ക് പിന്നിലുള്ള വാസ്കസിലേക്ക് ഡയസിന്റെ ചെറുപാസ്. വാസ്കസ് പന്ത് നിയന്ത്രിച്ചു. നേരെ മുന്നിൽ, ബോക്സിനെ ലക്ഷ്യമാക്കി നിൽക്കുന്ന സഹലിനെ കണ്ടു. പിന്നെ അതിമനോഹരമായ ക്രോസ് .
ഓടാൻ തുടങ്ങിയ സഹലിനെ തടയാൻ റിക്കി ശ്രമിച്ചെങ്കിലും പന്ത് ജംഷഡ്പുർ താരത്തിന്റെ തലയിൽ തട്ടി. സഹലിന് മുന്നിൽപന്ത്. ബോക്സ് വിട്ട് രെഹ്നേഷ് സഹലിനെ തടയാനെത്തി. ഗോൾ കീപ്പറുടെ മുന്നിൽവച്ച് മനസാന്നിധ്യം കൈവിടാതെ സഹൽ പന്ത് കോരിയിട്ടു. രെഹ്നേഷിന് തലയ്ക്ക് മുകളിലൂടെ പന്ത് പറന്നുപോകുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. റിക്കി തടുക്കാനായി ഓടിയെത്തുമ്പോഴേക്കും പന്ത് വലയുടെ അകത്തേക്ക് ഒഴുകിയിരുന്നു. ആദ്യപകുതി ആ ഗോളിന്റെ ആനുകൂല്യത്തിൽ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു.
രണ്ടാംപകുതിയിലും ആവേശകരമായ തുടക്കമായിരുന്നു. ഇടവേള കഴിഞ്ഞ മൂന്നാംമിനിറ്റിൽതന്നെ ഇടതുപാർശ്വത്തിൽനിന്ന് സഹലിന്റെ ക്രോസ് ഗോൾ മുഖത്തേക്ക് പറന്നു. രെഹ്നേഷ് പന്ത് പിടിച്ചെടുത്തു. പന്ത് നിയന്ത്രണത്തിലും പാസുകളുടെ എണ്ണത്തിലും ബ്ലാസ്റ്റേഴ്സ് ഏറെ മുന്നിലെത്തി. ജംഷഡ്പുർ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കഴിഞ്ഞു.
58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരിക്കൽക്കൂടി രെഹ്നേഷിനെ പരീക്ഷിച്ചു. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഖബ്രയുടെ ഒന്നാന്തരം ക്രോസ് ഗോൾമുഖത്തേക്ക് ചാഞ്ഞിറങ്ങി. ഡയസ് അതിലേക്ക് ചാടിയറങ്ങി തലകൊണ്ട് കുത്തി. രെഹ്നേഷ് പിടിച്ചെടുത്തു. പിന്നാലെ രെഹ്നേഷിനെ കീഴടക്കിയെങ്കിലും പോസ്റ്റ് തടഞ്ഞു. ഇടതുഭാഗത്തുനിന്നുള്ള ലൂണയുടെ മിന്നുന്ന ഫ്രീകിക്കായിരുന്നു. മിന്നൽവേഗത്തിൽ കുതിച്ച ഷോട്ട് പോസ്റ്റിന് അകത്ത്തട്ടിത്തെറിക്കുകയായിരുന്നു. 71–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങൾ വരുത്തി.
The celebration says it all after @sahal_samad scored yet another brilliant goal for @KeralaBlasters! 🙌#JFCKBFC #HeroISL #LetsFootball #KeralaBlasters pic.twitter.com/HVJr165NmX
— Indian Super League (@IndSuperLeague) March 11, 2022
വാസ്കസ്, ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിൻ എന്നിവർ കയറി. പകരം ചെഞ്ചോ, ജീക്സൺ സിങ്, സന്ദീപ് സിങ് എന്നിവർ കളത്തിലെത്തി. ചെഞ്ചോ ഇറങ്ങിയ നിമിഷംമുതൽ പ്രതിരോധത്തെ കീറി മുന്നേറി. ഇതിനിടെ ലൂണയുടെ ഷോട്ട് രെഹ്നേഷ് പിടിച്ചു. കളി അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും ജംഷഡ്പുർ പരുക്കൻ കളി പുറത്തെടുക്കാൻ തുടങ്ങി.
ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു. 80–ാം മിനിറ്റിൽ ജംഷഡ്പുർ അവരുടെ സൂപ്പർതാരം സ്റ്റുവർട്ടിനെ പിൻവലിച്ചു. ഇതിനിടെ പകരക്കാരനായെത്തിയ അലെക്സ് ലിമയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു. 84–ാം മിനിറ്റിൽ കളിയിലെ സൂപ്പർ താരം സഹലിനെ പിൻവലിച്ചു. വിൻസി ബരെറ്റോ പകരമെത്തി. 87–ാം മിനിറ്റിൽ ജംഷഡ്പുരിന് അനുകൂലമായി ഫ്രീകിക്ക് കിട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശങ്കയിലായി.
ലിമ തൊടുത്ത കിക്ക് അപകടരമായി ബോക്സിലേക്ക് കയറി. വലതുവശത്ത് നിന്നുള്ള ഇഷാൻ പണ്ഡിറ്റയുടെ കരുത്തുറ്റ ഷോട്ട് പോസ്റ്റിന് അരികിലൂടെ പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു. പ്രതിരോധം ജാഗ്രതയോടെനിന്നു. ഇഞ്ചുറി ടെെമിലേക്ക്. ബ്ലാസ്റ്റേഴ്സ് അവസാന മാറ്റംവരുത്തി. ഡയസിന് പകരം പ്രതിരോധതാരം എണെസ് സിപോവിച്ച് കളത്തിലെത്തി. അവസാന നിമിഷംവരെ ബ്ലാസ്റ്റേഴ്സ് പൊരുതി. അർഹിച്ച ജയവും സ്വന്തമാക്കി.
Daniel Chima Chukwu with a chance for @JamshedpurFC but his effort is wide 🥵
Watch the #JFCKBFC game live on @DisneyPlusHS – https://t.co/GBeCr2zHBI and @OfficialJioTV
Live Updates: https://t.co/zw61kWgybx#HeroISL #LetsFootball #JamshedpurFC pic.twitter.com/KpkNp8qLC3
— Indian Super League (@IndSuperLeague) March 11, 2022